Home Uncategorized വില്ലൻ ആദ്യ ദിനം ആറ് കോടി പ്രതീക്ഷിച്ചു നേടിയത് 3.74 കോടി

വില്ലൻ ആദ്യ ദിനം ആറ് കോടി പ്രതീക്ഷിച്ചു നേടിയത് 3.74 കോടി

SHARE

കൊച്ചി ∙ വളരെ പ്രതീക്ഷയോടെ മലയാള സിനിമ ലോകം കാത്തിരുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വില്ലന്‍ തീയേറ്ററുകളിലെത്തി. റിലീസിനു മുൻപേ ചിത്രത്തിൻറെ പേരിൽ പല റെക്കോർഡുകളും അവകാശപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് വില്ലന് നേടാനായില്ല. ആദ്യദിന കളക്ഷൻ റെക്കോർഡ് ഇപ്പോഴും മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിൻറെ പേരിൽ തന്നെ നില നിൽക്കുന്നു.

ആദ്യ ദിന ബോക്‌സോഫീസ് കലക്ഷൻറെ കാര്യത്തില്‍ വില്ലന്‍ റെക്കോർഡ് സ്വന്തമാക്കുമെന്നായിരുന്നു ചിത്രം റിലീസ് ചെയ്‌ത തിയേറ്ററുകളുടെ എണ്ണവും ഷോ കൗണ്ടും സൂചിപ്പിച്ചിരുന്നത്. പക്ഷെ രാവിലെ തന്നെ നടത്തിയ ഫാൻസ്‌ ഷോ ചിത്രത്തിന് വൻ തിരിച്ചടിയായി. മോഹൻലാൽ എന്ന നടൻറെ വമ്പൻ ഹീറോയിസവും പഞ്ച് ഡയലോഗും പ്രതീക്ഷിച്ചു പോയ ആരാധകർ തീർത്തും നിരാശരായാണ് മടങ്ങിയത്. മോഹൻലാൽ എന്ന നടൻ ചിത്രത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും ചിത്രത്തിൻറെ തിരക്കഥയിലെ കെട്ടുറപ്പിലായ്മയും അവതരണത്തിലെ പാളിച്ചയും സമ്മിശ്രമായി ബാധിച്ചു. ഫാൻസ്‌ ഷോ കഴിന്നതിനു പിന്നാലെ വന്ന നെഗറ്റീവ് അഭിപ്രായങ്ങൾ പിന്നീട് വന്ന പ്രദർശനങ്ങളിൽ നിന്നും പ്രേക്ഷകരെ അകറ്റി നിറുത്തി എന്നതിന് തെളിവാണ് ഇപ്പോൾ പുറത്തു വന്ന കളക്ഷൻ റിപ്പോർട്ട്. ഏകദേശം ആറു കോടിയോളം ആദ്യദിന കളക്ഷൻ പ്രതീക്ഷിച്ച ചിത്രത്തെ 3.74 കോടിയിൽ ഒതുക്കി നിറുത്തിയതിന് കാരണം ഇതൊക്കെയാണ്. മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന സമ്മിശ്ര റിവ്യൂകളും ഇനിയങ്ങോട്ട് ചിത്രത്തെ തളർത്തുമോ എന്ന് കണ്ടറിയണം.

ആഗസ്റ്റ് സിനിമാസ് നിർമ്മിച്ച മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദർ ആദ്യ ദിനം നേടിയ 4.31 കോടിയാണ് ഇപ്പോഴും മലയാള സിനിമയിലെ ആദ്യദിന റെക്കോർഡ്. വില്ലൻ ആദ്യ ദിനം നേടിയത് 3.74 കോടിയെന്നാണ് കേരള ബോക്സ് ഓഫീസ് അപ്ഡേറ്റ് വന്നിരിക്കുന്നത്. 253 തിയേറ്ററുകളിലായിട്ടാണ് വില്ലന്‍ കേരളത്തില്‍ റിലീസ് ചെയ്തത്. 1300 ഷോകളാണ് ആദ്യ ദിവസം ചിത്രത്തിന് ലഭിച്ചത് അതിൽ നൂറിന് മുകളിൽ ഫാൻസ്‌ ഷോകൾ സംഘടിപ്പിച്ചിരുന്നു.