Home Latest News ഉദാഹരണം സുജാത റിവ്യൂ വായിക്കാം

ഉദാഹരണം സുജാത റിവ്യൂ വായിക്കാം

SHARE

ഉദാഹരണം സുജാത; 2016-ൽ ഹിന്ദിയിൽ റിലീസ് ചെയ്‌ത നിൽ ബാറ്ററി സന്നത എന്ന ഹിന്ദി ചിത്രത്തിൻറെ റീമേക്ക്. ഇതേ ചിത്രം തമിഴിൽ ‘അമ്മ കണക്ക് എന്ന പേരിലും റീമേക്ക് ചെയ്തിട്ടുണ്ട്. മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഫാന്റം പ്രവീണാണ്.

മഞ്‍ജു വാരിയർ അഭിനയിക്കുന്ന സിനിമയാണോ സംശയിക്കേണ്ട ഒന്നുകിൽ വിവാഹബന്ധം വേർപെടുത്തിയ സ്ത്രീ അല്ലെങ്കിൽ ഒരു കഴിവില്ലാത്ത ഭർത്താവിൻറെ ഭാര്യ, അല്ലെങ്കിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീ. സംഭവം പറഞ്ഞതുപോലെ തന്നെ സ്വന്തമെന്നു പറയാൻ ആകെയുള്ള ഒരേയൊരു മകൾക്കുവേണ്ടി ഒരു അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടിൻറെ കഥയാണ് ഇന്ന് പുറത്തിറങ്ങിയ ഉദാഹരണം സുജാത. സജാത മറ്റാരുമല്ല മലയാളത്തിൻറെ ലേഡി സൂപ്പർ സ്റ്റാർ മഞ്‍ജു വാരിയർ.

സ്വന്തമെന്നു പറയാൻ ആകെയുള്ള പത്താം ക്ലാസിൽ പഠിക്കുന്ന തൻറെ മകൾക്കുവേണ്ടി ഒരു അമ്മ അനുഭവിക്കുന്ന കഷ്ടപ്പാടിൻറെ ജീവിതത്തിലൂടെയാണ് ഉദാഹരണം സുജാത കടന്നുപോകുന്നത്. നഗരത്തിലുള്ള വിവിധ വീടുകളിലും അച്ചാർ കമ്പനിയിലും ജോലി ചെയ്‌തു കഷ്ടപ്പെട്ടാണ് സുജാത തൻറെ മകളെ വളർത്തുന്നതും പഠിപ്പിക്കുന്നതും. ഏതൊരു അമ്മയെയും പോലെ പഠിപ്പിച്ചു നല്ല നിലയിലാക്കണം എന്ന് തന്നെയാണ് സുജാതയുടെയും ആഗ്രഹം. കുട്ടി ചിന്തിക്കുന്നത് തൻറെ ജീവിതവും അമ്മയെ പോലെ തന്നെ ഒരു വേലകാരിയായി ഒതുങ്ങുമോ എന്നാണ്. പൊതുവെ പഠിത്തത്തിൽ തരക്കേടില്ലാത്ത തൻറെ മകൾ കണക്കിൽ മാത്രം കുറവ് മാർക്ക് വരുന്നതോടെ സുജാതയുടെ ആശങ്കയിലാവുന്നു. ആ ആശങ്ക മാറ്റാൻ സുജാത ചില സാഹസങ്ങൾക്ക് മുതിരുന്നു അതോടെ ചിത്രത്തിന് ചില വഴിത്തിരിവുകൾ ഉണ്ടാവുന്നു.

കഥ നിതേഷ് തിവാരിയുടേതാണ് തിരക്കഥ സംഭാഷണം നവീൻ ഭാസ്കറും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മധു നീലകണ്ഠൻ ക്യാമറ കൈകാര്യം ചെയ്യുന്നു. മഹേഷ് നാരായൺ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നു. ഗോപി സുന്ദറാണ് സംഗീതവും പശ്ചാത്തല സംഗീതവും. കഥാപാത്രങ്ങളുടെ കാര്യമെടുത്താൽ സാജാത മഞ്ജു വാര്യരുടെ കയ്യിൽ ഭദ്രം. മകളായി അഭിനയിച്ച അനശ്വര രാജൻ എന്ന കുട്ടിയും കഥാപാത്രത്തോട് നീതി പുലർത്തി. കൂടാതെ മമ്ത മോഹൻദാസ്, നെടുമുടി വേണു, അലൻസിയർ, ജോജു ജോർജ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ചിത്രത്തിൻറെ കഥ, അവതരണ രീതിയെല്ലാം തന്നെ പോസിറ്റീവായി വന്നെങ്കിലും സ്ത്രീപ്രാധാന്യമുള്ള സിനിമകളിൽ പലപ്പോഴായി കണ്ടുമടുത്ത ക്ളീഷേ രംഗങ്ങൾ നമ്മളിൽ ആവർത്തന വിരസത തോന്നിപ്പിച്ചേക്കാം. മാതാപിതാക്കൾ ഇപ്പോഴും തങ്ങളുടെ കുട്ടികൾക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നു എന്നതിൻറെ ഉദാഹരണം നമ്മളിലേക്ക് വരച്ചു കാട്ടുകയാണ് ഈ ചിത്രം. എല്ലാ തരം പ്രേക്ഷകരേയും ചിത്രം ആകർഷിക്കണമെന്നില്ല. സെൻറി രംഗങ്ങളിടെ അതിപ്രസരം പലപ്പോഴും മനസ് മടുപ്പിക്കുന്നു. എങ്കിലും ക്ലൈമാക്സ് പലരുടെയും കണ്ണ് ചെറുതായൊന്ന് നിറക്കും.

അമ്മയും മകളും തമ്മിലുള്ള ബന്ധം വരച്ചു കാട്ടുന്ന ഈ ചെറിയ ചിത്രം ചില നല്ല സന്ദേശങ്ങളും നമ്മളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. കുടുംബ സദസുകൾക്ക് കണ്ടിരിക്കാവുന്ന നല്ല ചിത്രമാണ് ‘ഉദാഹരണം സുജാത’

Mollywood Today Rating 3/5