Home Movie Review പറവ റിവ്യൂ വായിക്കാം; സൗബിൻ വിജയപാതയിൽ

പറവ റിവ്യൂ വായിക്കാം; സൗബിൻ വിജയപാതയിൽ

SHARE

പറവ മോളിവുഡ് ടുഡേ റിവ്യൂ;

അൻവർ റഷീദ് നിർമ്മിച്ച് സൗബിൻറെ ആദ്യ സംവിധാന സംരംഭം ദുൽഖർ സൽമാൻറെ ഗസ്റ്റ് അപ്പിയറൻസ് ഇതൊക്കെ കേട്ടപ്പോൾ തന്നെ ഒരു ആവേശമായിരുന്നു പറവ എന്ന സിനിമയുടെ ആദ്യ ഷോ തന്നെ കാണാൻ. അതുകൊണ്ട് തന്നെ ഫാൻസിനൊപ്പം പറവയുടെ ഫാൻസ്‌ ഷോ തന്നെ കാണാൻ സാധിച്ചു. പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേൽപ്പിക്കാതെ ഹൃദയത്തിൽ തട്ടുന്ന കണ്ണുനനയിക്കുന്ന ഒരുപാട് നിമിഷങ്ങളുമായി നമ്മുടെ ഓർമ്മയിൽ ഇപ്പോഴും തങ്ങിനിൽക്കുന്ന ചിത്രമായിരിക്കും സൗബിൻ അണിയിച്ചൊരുക്കിയ പറവ.

പലപ്പോഴും കൊട്ടേഷൻ കഥകളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന കൊച്ചിയുടെ വിരിമാറിൽ നിലകൊള്ളുന്ന മട്ടാഞ്ചേരിക്ക് സൗബിൻ നമുക്ക് കാണിച്ചു തരുന്നത് ഒരു പിടി പറവകളെയാണ്. പ്രാവ് പറപ്പിക്കൽ മത്സരങ്ങൾ സ്ഥിരമായി നടക്കാറുള്ള കൊച്ചിയിലെ ഒരുപറ്റം മനുഷ്യരുടെയും അവരുടെ കൂടെ അൽപ്പം പ്രാവുകളുടെയും കഥയാണ് പറവയിലൂടെ പറയുന്നത്. സ്നേഹത്തിന്റെയും സഹൃദത്തിന്റെയും പ്രണയത്തിന്റെയും പകയുടെയും കുടുംബ ബന്ധങ്ങളുടെയും കഥ കൊച്ചിയുടെ തികച്ചും തനത് രീതിയിൽ തന്നെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു. കൊച്ചിയിൽ പ്രാവിനെ വളർത്തുന്ന അവയെ മത്സരിപ്പിക്കുന്ന രണ്ടു കുട്ടികളായ ഇർഷാദ് , ഹസീബ് എന്നിവരിൽ നിന്നുമാണ് കഥയുടെ തുടക്കം. അവരുടെ കണ്ണുകളിലൂടെ ചുറ്റും നടക്കുന്ന ഒരുപാട് കാര്യങ്ങളിലേക്ക് ചിത്രത്തിൻറെ കഥ എത്തിപ്പെടുന്നത്. കുട്ടികളും അവർ വളർത്തുന്ന പ്രാവുകളും അവരുടെ സ്കൂൾ ജീവിതവുമൊക്കെ ചേർന്ന മനോഹരമായ ലോകത്ത്‌ നിന്നു വലിയ മനുഷ്യരിലേക്ക്‌ കടക്കുമ്പോഴും കഥയ്ക്‌ കൈയടക്കം നഷ്ടപെടുന്നില്ല എന്നതാണ് ചിത്രത്തിൻറെ മനോഹാര്യത. പിന്നീട് ചിത്രം സാധാരണക്കാരിലൂടെയും അവരുടെ കുടുംബത്തിലൂടെയും യാത്ര കൊണ്ടുപോവുന്നു.

വളരെ കൗതുകമുണർത്തുന്ന കഥാന്തരീക്ഷമാണ് ചിത്രത്തിത്തിൻറെ തുടക്കത്തിൽ. എന്നാൽ ചിത്രം മുന്നോട്ടു പോവുമ്പോൾ കഥ പ്രവചിക്കാവുന്ന തരത്തിലേക്ക് മാറുന്നു എന്നത് ചെറിയ കല്ല് കടിയാവുന്നു എന്ന് വേണം കരുതാൻ. പക്ഷെ ചിത്രം ക്ലൈമാക്സ് അടുക്കുമ്പോഴേക്കും പ്രേക്ഷകരെ എല്ലാം മറന്നു കയ്യടിപ്പിക്കാൻ സംവിധായകൻ വിജയിച്ചു എന്നതാണ് പറവയുടെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റാൻ പോവുന്നത്. ചിത്രത്തിൻറെ തിരക്കഥ എപ്പോഴും സ്വാഭാവിക നർമ്മത്തിൻറെ അകമ്പടിയോടെ സാഹചര്യങ്ങൾ പരമാവധി രസകരമാക്കാൻ ശ്രമിച്ചിട്ടുണ്ട്. പല സീനുകളിലും അത് വിജയം കണ്ടിട്ടുമുണ്ട്. നാടകീയത തെല്ലും അനുഭവപെടുന്നില്ല എന്നത് ഏറ്റവും വലിയ പ്ലസ് പോയിൻറായി മാറി. അങ്ങനെ പറവയിൽ മേന്മകൾ അവകാശപ്പെടാൻ ഏറെയുണ്ട്.

ദുൽഖർ സൽമാൻ തൻറെ വേഷം മനോഹരമാക്കി. ചെറിയ റോൾ ആണെങ്കിലും ദുൽക്കർ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്. നടൻ ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോക്, നടൻ സൈനുദീന്റെ മകൻ സിനിൽ സൈനുദ്ധീൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായ രണ്ടു കുട്ടികളെ അവതരിപ്പിച്ചിരിക്കുന്നത്. ഷൈൻ നിഗം, ഹരിശ്രീ അശോകൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ഗ്രിഗറി, ആഷിക് അബു, ശ്രിന്ദ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ തുടങ്ങി കരുത്തുറ്റൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഇർഷാദ്, ഹസീബ് എന്നിവരായി വന്ന ബാല താരങ്ങൾ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ഇർഷാദിന്റെ ഇക്കയായി ഷൈൻ നിഗവും, കൂട്ടുകാരായി വന്ന ജേക്കബ് ഗ്രിഗറിയും, വാപ്പയുടെ വേഷം കാഴ്ചവെച്ച സിദ്ദിക്ക് പതിവ് പോലെ അത്ഭുതപ്പെടുത്തി. ഹരിശ്രീ അശോകൻറെ പ്രകടനവും മികച്ചതായിരുന്നു. സൗബിൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുടെ വേഷങ്ങളും അവരുടെ കൈകളിൽ ഭദ്രമായിരുന്നു.

റെക്‌സ് വിജയൻറെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ചിത്രവുമായി ഇണങ്ങി ചേർന്നു നിക്കുന്നു. ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം ക്യാമറ കൈകാര്യം ചെയ്ത ലിറ്റിൽ സ്വയമ്പിനെ കുറിച്ചാണ്. സമീപ കാലത്ത് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച വർക്കുകളിൽ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. സിനിമ രണ്ടുമണിക്കൂർ ഇരുപത്തിയാറ് മിനിറ്റ് ദൈർഖ്യമാണുള്ളത്. പ്രവീൺ പ്രഭാകറിന്റെ ചിത്രസംയോജനവും ‌എടുത്തു പറയേണ്ടതാണ്.

പറവ എന്ന ചിത്രം നമ്മൾ ഒറ്റ വാക്കിൽ പറഞ്ഞു അവസാനിപ്പിക്കേണ്ട ഒന്നല്ല. നമ്മൾ ഓരോരുത്തരും തിയേറ്ററിൽ പോയി തന്നെ കണ്ട് വിലയിരുത്തേണ്ട ചിത്രമാണ്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല വിപതിത്തുകളെയും വളരെ ലളിതമായി പ്രതിപാദിക്കുന്ന സിനിമയാണ് പറവ. നമ്മുടെ പലരുടെയും ജീവിതങ്ങൾ ഒരു പറവയെ പോലെയാണ്. ഓരോ ചിറകടിയിലും നമ്മളിലെ പറവകൾ പറന്നുയരാം. ഒരു ചിറകടി പിഴച്ചാൽ പിന്നെ അത് വഴുതിപ്പോവാം. അങ്ങനെയുള്ള സന്ദേശം തന്നെയാണ് സംവിധായകൻ ഈ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ വെക്കുന്നത്. പറവ കണ്ടിറങ്ങുന്നവരുടെ നമ്മുടെ മനസ്സ്‌ മാത്രമല്ല കണ്ണും ഈറനണിയും. കഴിഞ്ഞ കുറേ വർഷങ്ങളിലെ കണക്കുകൾ എടുത്തു നോക്കിയാൽ മികച്ച സിനിമകളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ചിത്രം. ചിത്രം അണിയിച്ചൊരുക്കിയ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടു നമുക്ക് ഈ പറവയെ വിജയത്തിലേക്ക് പാറി പറത്താം…

മോളിവുഡ് ടുഡേ റേറ്റിംഗ്: 3.5/5