Home Box Office കച്ചവടം മറന്ന് സിനിമയെ സിനിമയായി സ്വപ്‌നം കണ്ട സൗബിൻ

കച്ചവടം മറന്ന് സിനിമയെ സിനിമയായി സ്വപ്‌നം കണ്ട സൗബിൻ

SHARE

സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്‌ത പറവ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. ചിത്രത്തെ പ്രേക്ഷകർക്കൊപ്പം നിരൂപകരും വാനോളം വാരി പുകഴ്ത്തുകയാണ്. ചിത്രം കണ്ടവർക്ക് പറയാൻ ഒറ്റ വാക്കേയുള്ളൂ “അതിമനോഹര ചിത്രം”

മലയാള സിനിമയിൽ പലപ്പോഴും കണ്ടുവരുന്ന ചില പ്രവണതകൾക്ക് എതിരേയായിരുന്നു സൗബിൻ എന്ന പുതുമുഖ സംവിധായകൻറെ നീങ്ങിയത്. കഴിഞ്ഞ ദിവസം റിലീസായി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ പറവ എന്ന ചിത്രത്തിലൂടെയാണ് നമ്മളിലേക്ക് സൗബിൻ എന്ന സംവിധായകൻറെ സിനിമയോടുള്ള ആത്മാർഥത വരച്ചു കാട്ടുന്നത്. ഒരു എൻ ആർ ഐ നിർമ്മാതാവിനെയും പിന്നെ മുൻനിര താരത്തിൻറെ ഡേറ്റും കിട്ടിയാൽ ഒന്ന് രണ്ടു മാസം കൊണ്ട് തട്ടിക്കൂട്ട് സിനിമകൾ അണിയിച്ചൊരുക്കുന്ന സംവിധായകർക്ക് ഒരു പാഠപുസ്തകമാണ് പറവ എന്ന ചിത്രം. ഈ ചിത്രം വെറും ഒന്നും രണ്ടും മാസത്തെ സൗബിന്റെ കഷ്ടപ്പാടല്ല ഏകദേശം രണ്ട് വർഷത്തോളമാണ് ഈ ചിത്രത്തിനായി സൗബിൻ തയാറെടുപ്പുകൾ നടത്തിയത്. പ്രാവിനെയും അവിടുള്ള കുട്ടികളെയും പരിശീലിപ്പിക്കുന്നതിന് ഏകദേശം ഒരു വർഷത്തോളം വേണ്ടി വന്നു. ചിത്രത്തിലെ താരങ്ങളെ കണ്ടെത്താൻ ഒഡീഷൻ നടത്തിയിട്ട് സിനിമയ്ക്ക് പറ്റിയ കുട്ടികളെ കിട്ടാൻ വളരെയേറെ ബുദ്ധിമുട്ടി. തെരഞ്ഞെടുത്ത കുട്ടികളെ കൂടെനിറുത്തി ഒരു വർഷത്തോളം പരിശീലനം കൊടുത്തു. കൊച്ചിയിലും മട്ടാഞ്ചേരിയിലുമായി ഏകദേശം തൊണ്ണൂറ്റി അഞ്ച് ദിവസമാണ് ഷൂട്ടിങ് നടന്നത്.

ചിത്രത്തിൻറെ കഥ കേട്ട അൻവർ റഷീദ് ചിത്രം നിർമ്മിക്കാൻ മുന്നോട്ടു വന്നതാണ് ചിത്രത്തിൻറെ ആദ്യ വിജയം. പിന്നീട് നായക വേഷമല്ലെങ്കിൽ പോലും ദുൽകർ സൽമാൻ എന്ന നടൻറെ സഹകരണവും സിനിമയുടെ വിജയത്തിന് പ്രധാന പങ്ക് വഹിച്ചുവന്നു പറഞ്ഞേ പറ്റൂ. പ്രാവ് പറപ്പിക്കൽ മത്സരങ്ങൾ സ്ഥിരമായി നടക്കാറുള്ള കൊച്ചിയിലെ ഒരുപറ്റം മനുഷ്യരുടെയും അവരുടെ കൂടെ അൽപ്പം പ്രാവുകളുടെയും കഥയാണ് പറവയിലൂടെ സൗബിൻ പറഞ്ഞത്. നമ്മുടെ സമൂഹത്തിൽ നടക്കുന്ന പല വിപതിത്തുകളെയും വളരെ ലളിതമായി പ്രതിപാദിക്കുന്ന സിനിമ കൂടിയാണ് ഈ പറവ. കഴിഞ്ഞ കുറേ വർഷങ്ങളിലെ കണക്കുകൾ എടുത്തു നോക്കിയാൽ മികച്ച സിനിമകളുടെ പട്ടികയിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ചിത്രമായിരിക്കും ഇത്.

സിനിമയെ കച്ചവടം എന്ന ലക്ഷ്യം മാത്രമാക്കാതെ സിനിമയെ സിനിമയായി തന്നെ സ്വപ്‌നം കണ്ടാൽ ഇതുപോലുള്ള നല്ല ചിത്രം ഇനിയും മലയാളത്തിൽ പിറക്കുമെന്നു എല്ലവർക്കും ഒരു ഉദാഹരണമായി സൗബിൻ സമർപ്പിക്കുകായാണ് പറവയിലൂടെ. ഈ പറവ വാനോളം പറന്നുയരും എന്ന ഉറപ്പോടെ….